---
title: "തളിപ്പറമ്പ് മാർക്കറ്റിലെ മലിനജലശുദ്ധീകരണ പ്ലാന്റിലേക്ക് ഒഴിക്കാൻ പുറത്തുനിന്ന് മലിനജലം എത്തിച്ച ടാങ്കർ പിടികൂടി"
english_title: "thalipparamb market"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107393/thalipparamb-market"
published_at: "2023-04-06T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e584ce95be_news-card.jpg"
keywords: []
---

# തളിപ്പറമ്പ് മാർക്കറ്റിലെ മലിനജലശുദ്ധീകരണ പ്ലാന്റിലേക്ക് ഒഴിക്കാൻ പുറത്തുനിന്ന് മലിനജലം എത്തിച്ച ടാങ്കർ പിടികൂടി

> **Lead Summary:** തളിപ്പറമ്പ് മാർക്കറ്റിലെ മലിനജലം ശുദ്ധീകരിക്കുന്നതിനായി ജമാഅത്ത് പള്ളി ട്രസ്റ്റ് നിർമ്മിച്ച പ്ലാന്റിൽ തള്ളാനായി പുറത്തു നിന്ന് മലിനജലം എത്തിച്ച ടാങ്കർ നാട്ടുകാർ പിടികൂടി. കൊള്ള ലാഭത്തിനായി കരാറുകാരന്റെ ഒത്താശയോടെയാണ് പുറത്ത് നിന്ന് മലിനജലം എത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിർമ്മിച്ചയാൾ തന്നെയാണ് പ്ലാന്റ് കൈകാര്യം ചെയ്യുന്നത്. അതിനായി ദിവസ വേതനം നൽകുന്നുമുണ്ട്.

## Article Content

തളിപ്പറമ്പ് മാർക്കറ്റിലെ മലിനജലം ശുദ്ധീകരിക്കുന്നതിനായി ജമാഅത്ത് പള്ളി ട്രസ്റ്റ് നിർമ്മിച്ച പ്ലാന്റിൽ തള്ളാനായി പുറത്തു നിന്ന് മലിനജലം എത്തിച്ച ടാങ്കർ നാട്ടുകാർ പിടികൂടി. കൊള്ള ലാഭത്തിനായി കരാറുകാരന്റെ ഒത്താശയോടെയാണ് പുറത്ത് നിന്ന് മലിനജലം എത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിർമ്മിച്ചയാൾ തന്നെയാണ് പ്ലാന്റ് കൈകാര്യം ചെയ്യുന്നത്. അതിനായി ദിവസ വേതനം നൽകുന്നുമുണ്ട്.

ഒരു മാസത്തോളമായി മലിനജലം പ്ലാന്റിലേക്ക് ഒഴുക്കുന്ന പൈപ്പ് പൊട്ടിയ നിലയിലാണ്. അതിനാൽ മാർക്കറ്റിലെ മലിനജലം ഒഴുക്കുന്നത് മുടങ്ങിയിരിക്കുകയാണ്. ഈ സമയത്ത് പ്ലാന്റ് ശുദ്ധീകരിക്കാൻ ശുദ്ദജലം എത്തിക്കുന്നു എന്ന വ്യാജേനയാണ് ദൂരെ സ്ഥലങ്ങളിൽ ഹോട്ടലുകളിൽ നിന്നും മറ്റും മലിനജലം എത്തിക്കുന്നത്.ഇതിലൂടെ കരാറുകാരന് ഒരു ടാങ്കറിന് 3500 രൂപയോളം ലഭിക്കുന്നുണ്ടെന്നും പറയുന്നു. ഇങ്ങനെ ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയെയും നാട്ടുകാരെയും വഞ്ചിച്ച് കൊള്ളലാഭം ഉണ്ടാക്കുന്ന കരാറുകാരനെതിരെ വൻ പ്രതിഷേധമാണ്. മാർക്കറ്റിലെ തൊഴിലാളികൾ പ്ലാന്റിലെ റൂമും ഗേറ്റ് കളും അടച്ചു പൂട്ടിയിരിക്കുകയാണ്. മേലിൽ ഇയാളെ പ്ലാന്റിൽ പ്രവേശിപ്പിക്കരുത് എന്ന ആവിശ്യം മത്സ്യ മാംസ തൊഴിലാളികൾ ട്രസ്റ്റ് കമ്മിറ്റിയോട് ആവിശ്യപ്പെട്ടുണ്ട്. പ്രവേശിപ്പിച്ചാൽ തടയുമെന്നും ബന്ധപ്പെട്ട അധികാരികൾ ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർ പറഞ്ഞിരുന്നു. പൊലീസ് എത്തി ടാങ്കറും പ്ലാന്റ് ഓപ്പറേറ്റർ ആയ കുറ്റിയാൽ കൃഷ്ണനെയും കസ്റ്റഡിയിലെടുത്തിരുന്നു.

പൊലീസിന്റെ സാന്നിധ്യത്തിൽ ജമാഅത്ത് പള്ളി കമ്മിറ്റിയും കുറ്റിയാൽ കൃഷ്ണനും തമ്മിൽ ചർച്ച ഉണ്ടായിരുന്നു. ചർച്ചയിൽ ജമാഅത്ത് പള്ളി കമ്മിറ്റിയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കൃഷ്ണനും കൃഷ്ണന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ ജമാഅത്ത് പള്ളിയും തയ്യാറായില്ല. കണ്ണൂർ ജില്ലയിലെ തന്നെ ഏറ്റവും വൃത്തിയുള്ള രീതിയിൽ പ്രവർത്തിക്കുന്ന ഒരു മാർക്കറ്റ് ആണ് തളിപ്പറമ്പിലെത്. അത് അതെ വൃത്തിയോടെയും വെടിപ്പോടെയും സൂക്ഷിച്ചില്ലെങ്കിൽ അത് ബാധിക്കുന്നത് പൊതുജനങ്ങളെയാണ്. അതിനാൽ ഇരുവിഭാഗങ്ങളും പരസ്പരമുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി മുന്നോട്ടു പോകാൻ പോലീസ് ഉപദേശിച്ചു.

തളിപ്പറമ്പ് മുനിസിപ്പാലിറ്റി ഹെൽത്ത്‌ ഇൻസ്‌പെക്ടറുടെയും തളിപ്പറമ്പ് പോലീസിന്റെയും സാന്നിധ്യത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ ഇതിനൊരു ശാശ്വത പരിഹാരമാകുന്നത് വരെ കരാറുകാരൻ പ്ലാന്റിലേക്ക് വരണ്ട എന്നുള്ള ജമാഅത്ത് പള്ളിയുടെ ആവശ്യം അംഗീകരിക്കുകയും എന്നാൽ അത് വരെയും പ്ലാന്റ് നല്ല രീതിയിൽ കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്വം കമ്മിറ്റിക്കാണ് എന്നുള്ളതും തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107393/thalipparamb-market)