---
title: "ട്രെയിനിലെ തീവെപ്പ്: അന്വേഷണസംഘം നോയിഡയിൽ, എൻ ഐ എ സംഘം കണ്ണൂരിലെത്തി"
english_title: "n i a "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/107026/n-i-a"
published_at: "2023-04-04T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642bbba51f74d_news-card.jpg"
keywords: []
---

# ട്രെയിനിലെ തീവെപ്പ്: അന്വേഷണസംഘം നോയിഡയിൽ, എൻ ഐ എ സംഘം കണ്ണൂരിലെത്തി

> **Lead Summary:** **കോഴിക്കോട്: **എലത്തൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തീവെച്ച സംഭവത്തില്‍ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി റെയില്‍വേ പൊലീസ് നോയിഡയില്‍. കോഴിക്കോട് റെയില്‍വേ പൊലീസിലെ ഉദ്യോഗസ്ഥരാണ് വിമാന മാര്‍ഗം നോയിഡയിലെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ഷെഹറുഫ് സെയ്ഫിനെ കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് റെയില്‍വേ പൊലീസ് നോയിഡയിലെത്തിയത്. പ്രതിയുടെ രേഖാചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ടിരുന്നു. ഇയാളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും അന്വേഷണസംഘം അറിയിച്ചിരുന്നു.

## Article Content

**കോഴിക്കോട്: **എലത്തൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തീവെച്ച സംഭവത്തില്‍ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി റെയില്‍വേ പൊലീസ് നോയിഡയില്‍. കോഴിക്കോട് റെയില്‍വേ പൊലീസിലെ ഉദ്യോഗസ്ഥരാണ് വിമാന മാര്‍ഗം നോയിഡയിലെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ഷെഹറുഫ് സെയ്ഫിനെ കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് റെയില്‍വേ പൊലീസ് നോയിഡയിലെത്തിയത്. പ്രതിയുടെ രേഖാചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ടിരുന്നു. ഇയാളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും അന്വേഷണസംഘം അറിയിച്ചിരുന്നു.

കേസിന്റെ പ്രത്യേക അന്വേഷണത്തിനായി 18 അംഗ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. എഡിജിപി അജിത് കുമാറാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. അന്വേഷണ സംഘത്തില്‍ ക്രൈം ബ്രാഞ്ച് ലോക്കല്‍ പൊലീസ്, ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് എന്നിവയില്‍ നിന്നും അന്വേഷണ മികവുള്ള ഉദ്യോഗസ്ഥരാണ് ഉള്‍പ്പെട്ടിട്ടുളളത്. കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബിജുരാജ്, താനൂര്‍ ഡിവൈഎസ്പി ബെന്നി, ഡിവൈഎസ്പി ബൈജു പൗലോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. റെയില്‍വേ ഇന്‍സ്‌പെക്ടര്‍മാരും ലോക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍മാരും ടീമിലുണ്ട്. 

എലത്തൂരില്‍ റെയില്‍വേ ട്രാക്കിന് സമീപം ദേശീയപാതയില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അക്രമി തീയിട്ട രണ്ട് ബോഗികളില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തി. കോഴിക്കോട് നിന്നും കണ്ണൂരില്‍ നിന്നുമുള്ള ഫൊറന്‍സിക് സംഘമാണ് പരിശോധന നടത്തിയത്. ഡി1, ഡി2 ബോഗികളിലാണ് പരിശോധന നടത്തിയത്.
ഡി1 ബോഗിയിലാണ് കൂടുതലും പെട്രോളൊഴിച്ച് കത്തിച്ചതിന്റെ പാടുകളുണ്ടായിരുന്നത്. ഈ കോച്ചിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള സീറ്റിലാണ് തീ പടര്‍ന്നത്. ഡി2 കോച്ചില്‍ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. രക്തക്കറ അക്രമിയുടേതാണോ ആക്രമണത്തില്‍ പരുക്കേറ്റവരുടേതാണോ എന്ന് ഫൊറന്‍സിക് പരിശോധനയില്‍ തിരിച്ചറിയാന്‍ കഴിയും.

വിദഗ്ധ പരിശോധനയ്ക്കായി എൻ ഐ എ സംഘം കണ്ണൂരിലെത്തി. ആക്രമണം നടന്ന ബോഗിയിൽ സംഘം പരിശോധന നടത്തും. കോഴിക്കോട് നിന്ന് എത്തിയ ഫോറൻസിക് ഉദ്യോഗസ്ഥർ ഇന്നലെ ബോഗികൾ പരിശോധിച്ചിരുന്നു. അക്രമം നടന്ന രണ്ട് ബോഗികളും കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്ഫോമിന് സമീപം നിർത്തിയിട്ടിരിക്കുകയാണ്. പ്രതിക്കായി അതിഥിത്തൊഴിലാളികളെ കേന്ദ്രീകരിച്ച് വ്യാപക തെരച്ചിൽ നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/107026/n-i-a)