---
title: "5 വർഷങ്ങൾക്കിപ്പുറം റിജോയിയെ കണ്ടെത്താനാകാത്ത വിഷമം പങ്കിട്ട് അന്വേഷണ ഉദ്യോഗസ്ഥന്റെ ഫെയ്സ്‌ബുക് പോസ്റ്റ്‌"
english_title: "facebook post of abdul rouf"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/102785/facebook-post-of-abdul-rouf"
published_at: "2023-03-13T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640ebefd62b44_news-card-Recovered.jpg"
keywords: []
---

# 5 വർഷങ്ങൾക്കിപ്പുറം റിജോയിയെ കണ്ടെത്താനാകാത്ത വിഷമം പങ്കിട്ട് അന്വേഷണ ഉദ്യോഗസ്ഥന്റെ ഫെയ്സ്‌ബുക് പോസ്റ്റ്‌

> **Lead Summary:** പയ്യന്നൂരിലെ അധ്യാപകന്റെ മകനെ കണ്ടെത്താൻ കഴിയാത്തതിലുള്ള വിഷമം ഫെയ്സ്ബുക്കിലൂടെ പങ്കു വെച്ചിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാളായ പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ നിന്ന് കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോയ എസ് ഐ എ ജി അബ്ദുൾ റൗഫ്.

## Article Content

പയ്യന്നൂരിലെ അധ്യാപകന്റെ മകനെ കണ്ടെത്താൻ കഴിയാത്തതിലുള്ള വിഷമം ഫെയ്സ്ബുക്കിലൂടെ പങ്കു വെച്ചിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാളായ പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ നിന്ന് കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോയ എസ് ഐ എ ജി അബ്ദുൾ റൗഫ്.

2017 ഡിസംബർ 15നാണ് പുനയിലെ ചാണക്യ അക്കാദമി ഐഎഎസ് കോച്ചിംഗ് സെന്ററിൽ പഠിച്ചുകൊണ്ടിരുന്ന റിജോയിയെ കാണാതായത്. സഹോദരൻ സിനോയ് പുനെയിൽ രസതന്ത്ര ഗവേഷകനായതിനാലാണ് ഫിസിക്സ് ബിരുദം പൂർത്തിയാക്കി റിജോയ് പുനയിലേക്ക് കോച്ചിങ്ങിന് പോയത്. രണ്ടുവർഷം മുമ്പ് പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ എത്തിയ അബ്ദുൾ റൗഫിന് മുന്നിൽ ആദ്യമായി എത്തിയ കേസ് ആയിരുന്നു ഇത്.

> അദ്ദേഹത്തിന്റെ ഫെയിസ്ബുക്ക്‌ പോസ്റ്റ്‌ ഇങ്ങനെ: "പയ്യന്നൂരിൽ നിന്നും മാറിയപ്പോൾ കുറേ സൗഹൃദങ്ങൾ മിസ് ചെയ്യുന്നുണ്ട് അത് എല്ലാ മാറ്റങ്ങൾക്കും ഉണ്ടാകുന്നതാണ് പക്ഷേ മനസ്സിൽ നിന്നും മാറാതെ നിൽക്കുന്ന ഒരു സങ്കടം ബാക്കിയാക്കിയാണ് പയ്യന്നൂരിൽ നിന്നും പോയത്.രണ്ട് വർഷം മുൻപ് ഒരു ജനവരിയിൽ പയ്യന്നൂരിൽ വന്നപ്പോൾ ആദ്യമായി അന്വേഷണം നടത്താൻ തന്ന കേസ് മഹാരാഷ്ട്രയിൽ നിന്നും കാണാതായ കരിവെള്ളൂർ സ്വദേശി റിജോയിയുടേതായിരുന്നു. ഐഎഎസ് കോച്ചിംഗിന് മഹാരാഷ്ട്രയിൽ പോയ കരിവെള്ളൂർ സ്വദേശി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് റിജോയിയുടെ അച്ഛൻ ജയരാജൻ മാഷെ കാണുന്നതും പരിചയപ്പെടുന്നതും. 2021 ജനുവരി മാസം ജയരാജൻ മാഷെ ആദ്യമായി കാണുന്നത്. പയ്യന്നൂർ സ്റ്റേഷനിലെ ജനമൈത്രി ഹാളിൽ വെച്ചാണ് അന്ന് സംസാരിക്കുമ്പോൾ പലപ്പോഴും മാഷ് കണ്ണട ഊരി കണ്ണ് തുടയ്ക്കുമ്പോൾ എന്റെ കണ്ണും നിറഞ്ഞു പോയി.പിന്നീട് കേസന്വേഷണത്തിന്റെ ഭാഗമായി മാഷുമായി ദിവസേന ഫോൺ കോളായും മെസ്സേജുകളീലൂടേയും ഒരു ആത്മ ബന്ധം ഉണ്ടായി. കേസ് അന്വേഷണത്തിനായി രണ്ടു പ്രാവശ്യം മഹാരാഷ്ട്രയിലും ഡൽഹിയിലും ഒരിക്കൽ ചാണ്ടീഗഡിലും പോയി ദിവസങ്ങളോളം അന്വേഷണം നടത്തി. എന്റെ അന്യ സംസ്ഥാനങ്ങളിലെ പല സുഹൃത്തുക്കളുമായും മലയാളി അസോസിയേഷനുകളായും നിരന്തരം ബന്ധപ്പെട്ടു. ആഴ്ചകളോളം സേലത്തും ബാംഗ്ളൂരിലും ഗോകർണത്തും അന്വേഷണം നടത്തി. ലഹരി മാഫിയയുടെ കയ്യിൽപെട്ട യുവതിയെ അടക്കം അഞ്ചോളം യുവതികളേയും മൂന്ന് സ്കൂൾ കുട്ടികളേയും പയ്യന്നൂരിൽ നിന്നും അന്വേഷിച്ചു കണ്ടെത്താൻ സാധിച്ചുവെങ്കിലും റിജോയിയെ മാത്രം കണ്ടെത്താൻ സാധിക്കാത്തത് മനസ്സിൽ ഒരു നൊമ്പരമായി അവശേഷിക്കുന്നു.

> കുറേ നാളുകൾക്ക് ശേഷം രണ്ടു ദിവസം മുൻപ് നൈറ്റ് ഡ്യൂട്ടി സമയത്ത് മാഷ് വിളിച്ചു കുറച്ച് നാളായി സുഖമില്ല അതാണ് വിളിക്കിതിരുന്നത് എന്ന് പറഞ്ഞു. ഞാൻ പയ്യന്നൂരിൽ നിന്നും മാറിയ കാര്യവും നാളെ ഡ്യൂട്ടി റെസ്റ്റ് ആണ് കരിവെള്ളൂർ വീട്ടിലേക്ക് വരാം എന്നും പറഞ്ഞു. മിനിയാന്ന് വൈകുന്നേരം മാഷെ കാണാൻ വീട്ടിലെത്തി .രണ്ടു മണിക്കൂറോളം മാഷിന്റെ കൂടെ സംസാരിച്ചു. സംസാരത്തിനിടയിൽ പലപ്പോഴും മാഷിന്റെ കണ്ണടക്കുള്ളിലൂടെ വരുന്ന കണ്ണ് നീർ എന്റെയും കണ്ണുകൾ നനയിച്ചു. ഞാൻ റിജോയിയുടെ ഫോട്ടോ ഇവിടെ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. നിങ്ങളുടെ എല്ലാ സുഹൃത്തുക്കൾക്കും ദയവായി ഷെയർ ചെയ്യണം. നമ്മൾക്ക് റിജോയിയെ കണ്ടെത്തി ജയരാജൻ മാഷ്ക്ക് കൊടുക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്." കാണാതായ റിജോയിയുടെ ഫോട്ടോകൾ ചേർത്ത് ഫേസ്ബുക്ക് പോസ്റ്റ് കുറെ പേർ ഷെയർ ചെയ്യുകയും വൈറലായി തുടങ്ങുകയും ചെയ്യുന്നതോടെ ഈ കേസിന് അനുകൂലമായ എന്തെങ്കിലും വിവരം കിട്ടുമെന്ന് പ്രതീക്ഷയിലാണ് ഇവർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/102785/facebook-post-of-abdul-rouf)