---
title: " ഇ ടിസി-പൂമംഗലം-മഴൂർ-പടപ്പേങ്ങാട്-മടക്കാട് റോഡ് പ്രവൃത്തി ടെണ്ടർ ചെയ്തു"
english_title: "road tender"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/101312/road-tender"
published_at: "2023-03-04T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640338105a9c8_images_(1)00.jfif"
keywords: []
---

#  ഇ ടിസി-പൂമംഗലം-മഴൂർ-പടപ്പേങ്ങാട്-മടക്കാട് റോഡ് പ്രവൃത്തി ടെണ്ടർ ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് മണ്ഡലത്തിലെ ഇ ടിസി-പൂമംഗലം-മഴൂർ-പടപ്പേങ്ങാട്-മടക്കാട് റോഡ് പ്രവൃത്തി ടെണ്ടർ ചെയ്തു. കണ്ണൂർ ജില്ലയിലെ നാഷണൽ ഹൈവേ 66, തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത 36, തളിപ്പറമ്പ്-കൂർഗ് ബോർഡർ റോഡ് എന്നീ റോഡുകളിൽ നിന്നും, തിരിച്ചും നിരവധി പേർ ഉപയോഗിക്കുന്നതും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നതുമായ ഇ ടി സി -പൂമംഗലം-മഴൂർ-പടപ്പേങ്ങാട്-മടക്കാട് റോഡ് പ്രവൃത്തിയാണ് ടെണ്ടർ ചെയ്തത്.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് മണ്ഡലത്തിലെ ഇ ടിസി-പൂമംഗലം-മഴൂർ-പടപ്പേങ്ങാട്-മടക്കാട് റോഡ് പ്രവൃത്തി ടെണ്ടർ ചെയ്തു. കണ്ണൂർ ജില്ലയിലെ നാഷണൽ ഹൈവേ 66, തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത 36, തളിപ്പറമ്പ്-കൂർഗ് ബോർഡർ റോഡ് എന്നീ റോഡുകളിൽ നിന്നും, തിരിച്ചും നിരവധി പേർ ഉപയോഗിക്കുന്നതും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നതുമായ ഇ ടി സി -പൂമംഗലം-മഴൂർ-പടപ്പേങ്ങാട്-മടക്കാട് റോഡ് പ്രവൃത്തിയാണ് ടെണ്ടർ ചെയ്തത്.

വർഷങ്ങളായി അറ്റകുറ്റ പണി നടക്കാതിരുന്ന പ്രസ്തുത റോഡ് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എയുടെ പ്രത്യേക താല്പര്യപ്രകാരം 2022 ആദ്യത്തോടെ ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റി പരിശോധന നടത്തി എസ്റ്റിമേറ്റ് കിഫ്ബിയിൽ സമർപ്പിക്കുകയും 2022 ഓഗസ്റ്റിൽ കിഫ്‌ബി 63.34 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭ്യമാക്കുകയും ചെയ്തു. തുടർന്ന് കെ എസ് ഇ ബി,വാട്ടർ അതോറിറ്റി എന്നിവയുടെ യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ഉൾപ്പെടെ എസ്റ്റിമേറ്റ് തയ്യാറാക്കി 69.52 കോടി രൂപയുടെ സാങ്കേതിക അനുമതി 2023 ഫെബ്രുവരി മാസം 28 ലഭിക്കുകയും മാർച്ച് മാസം 3 ന് ടെണ്ടർ നോട്ടീസ് ഇറക്കുകയും ചെയ്തു.

കിഫ്‌ബി സ്റ്റാൻഡേർഡ് പ്രകാരം 10 മീറ്റർ വീതിയുള്ള റോഡിൽ 5.5 മീറ്റർ വീതിയിൽ മെക്കാർഡം ടാറിങ്ങും ഇരുവശത്തുമായി 1.5 മീറ്റർ വീതിയിൽ സൈഡ് ഷോൾഡറിങ് ഉൾപ്പെടെയാണ് പ്രവൃത്തി നടത്തുക. പദ്ധതിയുടെ ഭാഗമായി ആകെ 16800 മീറ്റർ നീളത്തിൽ ഡ്രൈനേജ്, പുന:ർനിർമ്മാണം ഉൾപ്പെടെ 56 കലുങ്കുകൾ, ആവശ്യമായ ഭാഗങ്ങളിൽ സൈഡ് പ്രൊട്ടക്ഷൻ എന്നിവ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. പടപ്പേങ്ങാട് ടൗൺ,കാലിക്കടവ് സ്കൂൾ,പൂമംഗലം സ്കൂൾ എന്നിവിടങ്ങളിൽ കൈവരിയോടുകൂടിയ നടപ്പാതയും ഉണ്ടാകും.

പദ്ധതി യാഥാർഥ്യമാകുന്നതോടു കൂടി മികച്ച നിലവാരമുള്ള ഗതാഗത സൗകര്യം ജനങ്ങൾക്ക് ലഭ്യമാകുമെന്നും മണ്ഡലത്തിലെ മുഴുവൻ പ്രധാന റോഡുകളും ഇപ്രകാരം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും, എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ പറഞ്ഞു. കേരളം പുതിയൊരു നാടായി മാറുകയാണ്. അതിനായുള്ള എല്ലാ പ്രവർത്തനങ്ങളും ഇടതുപക്ഷ സർക്കാർ നടത്തുകയാണുന്നും അതോടൊപ്പം തളിപ്പറമ്പ് മണ്ഡലവും വികസനത്തിന്റെ പുതിയ മുന്നേറ്റം കാഴ്ചവയ്ക്കുകയാണെന്നും എംഎൽഎ കൂട്ടി ചേർത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/101312/road-tender)